Tuesday, May 25, 2010

സിംപ്ളി പ്രൈസ്‍ലെസ്

ഒടുവില്‍ എല്ലാം പാവം ഗൂസിക്കയുടെ തലയില്‍. പൈലറ്റിന്റെ പിഴവ് പൈലറ്റിന്റെ പിഴവ് എന്നാവര്‍ത്തിച്ചു പറഞ്ഞാല്‍ പിഴവ് തന്റെയാണോ എന്നു വിശദീകരിക്കാന്‍ പൈലറ്റ് ഇനി ബാക്കിയില്ല. മാധ്യമങ്ങളും വ്യോമയാനഗതാഗത മന്ത്രാലയവും ഒടുവില്‍ എയര്‍ ഇന്ത്യയും പഴി പൈലറ്റിനിരിക്കട്ടെ എന്നു തീരുമാനിച്ചതോടെ കാര്യങ്ങള്‍ വെടിപ്പായി. ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ട് എന്നൊരു പുതിയ വാക്കും അത്തരത്തിലുള്ള വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന സങ്കല്‍പവുമുണ്ടായതോടെ ‘ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കണം’ എന്ന ആവശ്യവുമായി കടലാസുസംഘടനകളും ഇറങ്ങി. ദേശീയദുരന്തമായതുകൊണ്ട് പേരുവച്ച് അനുശോചിക്കാനുള്ള നഷ്ടമായ അവസരം ടേബിള്‍ ടോപ്പിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു.
 
നമ്മള്‍ പറഞ്ഞു വന്നത് ഗൂസിക്കയുടെ കാര്യമാണ്. ഗൂസിക്ക എന്റെ അളിയനോ അമ്മാവനോ അല്ല. ഗൂസിക്കക്കു പിഴച്ചില്ല എന്നും പറയാന്‍ എനിക്കുദ്ദേശമില്ല. എന്റെ സംശയം ഈ അപ്പൂപ്പനെ വിമാനം ഓടിക്കാന്‍ ഏല്‍പിച്ച എയര്‍ ഇന്ത്യ ഞങ്ങള്‍ അനുശോചിക്കുന്നു എന്നു പറഞ്ഞ് എല്ലാ പത്രത്തിലും വീശിയൊരു പരസ്യം കൊടുത്തിട്ട് ഇതിന്റെ ഉത്തരവാദിത്വതത്തില്‍ നിന്ന് കൂളായി ഊരിപ്പോവുന്നതിന്റെ ധാര്‍മികതയാണ്. പൈലറ്റിന്റെ പിഴവ് എന്നു പറയുമ്പോള്‍ പൈലറ്റിനെങ്ങനെ പിഴച്ചു എന്ന ചോദ്യത്തിനു കൂടി ഉത്തരം കണ്ടെത്തേണ്ടതായി വരും. ചക്രം നിലത്തു തൊടേണ്ട സമയത്ത് തൊടാന്‍ പറ്റാതെ വന്നപ്പോള്‍ പണിയാകുമെന്നു തോന്നി പൈലറ്റ് കുന്ത്രാണ്ടം പിന്നെയും പൊക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നു മനസ്സിലാകുന്നത്. അപ്പോള്‍, ലൈലയുടെ സ്വാധീനത്താല്‍ സംജാതമായ കാലാവസ്ഥ, ഇത്തിരിപ്പോന്ന നീളത്തില്‍ ഉണ്ടാക്കി വച്ചിരിക്കുന്ന റണ്‍വേ തുടങ്ങിയ സംഗതികള്‍ക്കും ഇതില്‍ ഗണ്യമായ പങ്കുണ്ട്. അങ്ങനെ വരുമ്പോള്‍ ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍ക്കും എയര്‍ ഇന്ത്യക്കും പിഴവു സംഭവിച്ചിട്ടുണ്ട് എന്ന് പറയേണ്ടതായി വരും.
 
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വന്‍തുക നഷ്ടപരിഹാരം വാഗ്ദാനം ചെയ്താല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കേണ്ടതില്ല എന്നോ അതിന്റെ ആഘാതം കുറയുമെന്നോ അര്‍ഥമുണ്ടോ ? ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് ബന്ധുക്കള്‍ മുക്തരാകുന്നതിനു മുമ്പ് നഷ്ടപരിഹാരത്തെ സംബന്ധിച്ച് എയര്‍ ഇന്ത്യ നല്‍കിയിരിക്കുന്ന പരസ്യം കണ്ടാല്‍ അങ്ങനെ തോന്നും. അപകടത്തില്‍ പെട്ട പലരുടെയും ബോഡി തിരിച്ചറിയണമെങ്കില്‍ ഇനി ഡിഎന്‍എ ടെസ്റ്റ് കഴിയണം. അതിനു തന്നെ കുറെ ദിവസങ്ങളെടുക്കും. എന്നാല്‍, എയര്‍ ഇന്ത്യയുടെ സൈറ്റില്‍ നിന്ന് ഫോം ഡൌണ്‍ലോഡ് ചെയ്ത് അല്ലെങ്കില്‍ പരസ്യത്തില്‍ പറയുന്ന ഓഫിസുകളില്‍ പോയി ഫോം വാങ്ങി പൂരിപ്പിച്ച് നഷ്ടപരിഹാരത്തിനുള്ള ആപ്ളിക്കേഷന്‍ കൊടുക്കാനാണ് എയര്‍ ഇന്ത്യ പറയുന്നത്. പോരെങ്കില്‍ നഷ്ടപരിഹാരത്തിന്റെ ഒരു വിലവിവര പട്ടികയും പരസ്യത്തിലുണ്ട്:-
 
അന്തരിച്ച 12 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍: 10 ലക്ഷം രൂപ
അന്തരിച്ച 12 വയസ്സില്‍ താഴെയുള്ളവര്‍: 5 ലക്ഷം രൂപ
പരുക്കേറ്റവര്‍ക്ക്: 2 ലക്ഷം രൂപ
 
ആരാണ് ഇങ്ങനെ ജീവനു വിലയിട്ടു വച്ചിരിക്കുന്നത് എന്നെനിക്കറിയില്ല. 12 വയസ്സ് ഒരു മനുഷ്യന്റെ ജീവിതത്തില്‍ (മരണത്തിലും) എന്തു വിലവര്‍ധനയാണ് ഉണ്ടാക്കുന്നതെന്നും എനിക്കറിയില്ല. നഷ്ടമായ ഒരു ജീവനും പകരമായി എയര്‍ ഇന്ത്യയുടെ സ്ഥാവര ജംഗമ വസ്തുക്കളും ചടാക്ക് വിമാനങ്ങളും നല്‍കിയാലും മതിയാവില്ല. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എയര്‍ ഇന്ത്യയുടെ ഔദാര്യവുമല്ല. പിന്നെന്തിന് സിംപ്ളി പ്രൈസ്ലെസ് (ലവലേശം വിലയില്ലാത്തത്) എന്ന കുറിമാനം അടിയില്‍ കൊടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പേടിപ്പിക്കുന്ന ലോഗോയും പതിപ്പിച്ച് ഇന്നു തന്നെ ഈ ക്രൂരമായ പരസ്യം പത്രത്തില്‍ കൊടുത്തു എന്നെനിക്കു പിടികിട്ടുന്നില്ല. ചിലപ്പോള്‍ എന്റെ കുഴപ്പമാകാനും മതി. അങ്ങനെയാണെങ്കില്‍ ഞാന്‍ എയര്‍ ഇന്ത്യയോടു മാപ്പു ചോദിക്കുന്നു.
 
ഇതിനിടയിലാണ് വേറെ നാടകങ്ങള്‍. വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ വിവരം അറിഞ്ഞപ്പോഴേ രാജി വയ്ക്കാന്‍ തുടങ്ങിയെന്നും ‘ഇപ്പോള്‍ അപകടത്തില്‍ ശ്രദ്ധിക്കൂ; രാജിയൊക്കെ പിന്നെയാകാം’ എന്നു പറഞ്ഞത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരുവിധത്തില്‍ ആളെ തണുപ്പിച്ചു എന്നുമാണ് ഒരു വാര്‍ത്ത. പ്രഫുല്‍ പട്ടേല്‍ കോണ്‍ഗ്രസുകാരനും മന്‍മോഹന്‍സിങ് ബിജെപിക്കാരനും (മിനിമം സിപിഎംകാരനെങ്കിലും) ആയിരുന്നെങ്കില്‍ ഞാനിതൊക്കെ വിശ്വസിച്ചേനെ. ഇതൊക്കെ കേരളത്തിലെ കെഎസ്യുക്കാരു പോലും കൈവിട്ട നമ്പരുകളാണ്. അല്ല അതുപോട്ടെ, പ്രഫുല്‍ജി അങ്ങനെ പറഞ്ഞില്ലന്നോ മന്‍മോഹന്‍ജി തണുപ്പിച്ചില്ലന്നോ പറയുന്നില്ല, സംഗതി ഞാന്‍ വിശ്വസിക്കുന്നില്ലന്നേയുള്ളൂ.
മംഗലാപുരം അപകടം കേരള സര്‍ക്കാര്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ല എന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാം വേണ്ടപോലെ ചെയ്തതുകൊണ്ട് വലിയ കുഴപ്പമൊന്നും ഉണ്ടായില്ല എന്നും കോണ്‍ഗ്രസ്സുകാരനായ എംപി കെ.സുധാകരന്‍ കാസര്‍കോട്ട് ഒരു പ്രസംഗത്തില്‍ പറഞ്ഞതായി വാര്‍ത്ത കണ്ടു. ഇതോടെ കംപ്ളീറ്റാളുകളും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വോട്ടുകുത്തുമെന്ന മിഥ്യാധാരണ സുധാകരന്‍ സാറിനുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ വേണ്ടി അവിടെപ്പോയി ഇങ്ങനെ പറയാനുള്ള തൊലിക്കട്ടി കാണിച്ച സുധാകരബുദ്ധി തികച്ചും നികൃഷ്ടമായി പോയി എന്നു പറയാതെ വയ്യ. കേരള സര്‍ക്കാര്‍ എന്തു ചെയ്യണമെന്നാണ് സുധാകരന്‍ സാറുദ്ദേശിച്ചത് എന്നു വ്യക്തമായി പറഞ്ഞു കണ്ടില്ല. എംപിയുടെ പ്രസ്താവന അനുചിതമായി പോയി എന്ന് മന്ത്രി ബിനോയി വിശ്വം പറഞ്ഞിട്ടുണ്ട്. മന്ത്രിയോട് ഞാനും യോജിക്കുന്നു. വകതിരിവുണ്ടാകാന്‍ വേണ്ടി സുധാകരന്‍ സാര്‍ പ്രാര്‍ഥിക്കുന്നത് നല്ലതായിരിക്കും.
 
എല്ലാംകൂടി കാണുമ്പോള്‍ സാധാരണക്കാരന് ഒന്നേ തോന്നുന്നുള്ളൂ: പൌരന്റെ ജീവന്‍ സുരക്ഷിതമാണ് എന്നുറപ്പു വരുത്താന്‍ കാര്യമായൊന്നും ചെയ്യാതെ മരണശേഷം വാഗ്ദാനങ്ങള്‍ നല്‍കുന്ന, പാഴ്വാക്കുകള്‍ പറയുന്ന, ആരോപണങ്ങള്‍ ഉന്നയിക്കുന്ന നമ്മുടെ നേതാക്കളുടെയും ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളുടെയും നിലപാടുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കുറിമാനം പോലെ സിപ്ളി പ്രൈസ്ലെസ് ആണ്. അതുകൊണ്ട്, തമ്പുരാനേ കാത്തോളണേ.. എന്നു പറഞ്ഞിട്ടേ ഒരു വഴിക്കിറങ്ങാവൂ. കാരണം, പ്രതീക്ഷാനിര്‍ഭരമായ ഒരു ജീവിതത്തിലേക്ക് നമുക്കൊക്കെ തിരിച്ചെത്തിയേ മതിയാവൂ.
 
ദുരന്തത്തില്‍ പലരും നഷ്ടപ്പെട്ട സുഹൃത്തുക്കള്‍ നമ്മോടൊപ്പമുണ്ട്. ഈ സമയത്ത് എന്തു പറയാനാണ് എന്നു കരുതി അനിശ്ചിതമായ ഒരു മൌനം പാലിച്ച് മാറി നില്‍ക്കാനാവും നമുക്കും തോന്നുക. മരണത്തോടു പോലും പ്രഫഷനലും ഒഫിഷ്യലുമായി ഇടപെടുന്നവരില്‍ നിന്നു വ്യത്യസ്തമായിരിക്കും നമ്മുടെ സാമീപ്യം. ഈ വിഷമഘട്ടത്തില്‍ അല്‍പം ത്യാഗം സഹിച്ചായാലും അവരോടൊപ്പം നിന്നുകൊണ്ട് പലരുടെയും ജീവിതത്തിലെ തന്നെ ഏറ്റവും കഠിനമായ ഈ കാലഘട്ടട്ടെ തരണം ചെയ്യാന്‍ നമുക്കവരെ സഹായിക്കാം. ദുരന്തത്തില്‍ വേദനിക്കുന്ന ഓരോ വ്യക്തിയോടുമൊപ്പം ഞാനും വേദനിക്കുന്നു. ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തിയും കരുത്തും ഈശ്വരന്‍ അവര്‍ക്കു നല്‍കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. 

വിലമതിക്കാനാവാത്ത സേവനമിത്

ഏത് കഠിനഹൃദയന്റെയും കരളലിയിപ്പിക്കുന്ന രംഗമായിരുന്നല്ലോ മംഗലാപുരത്ത് വിമാനം പറന്നിറങ്ങി കത്തിയെരിഞ്ഞപ്പോള്‍ ദൃശ്യമായത്. എല്ലാം ഒരുനിമിഷംകൊണ്ട് ചാരമായിപ്പോയ മഹാദുരന്തം. അരയില്‍ സീറ്റ്‌ബെല്‍റ്റുമായി കസേരയില്‍ ഇരുന്നതുപോലെയുള്ള കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. മഴപെയ്തതിനാല്‍ ചളിനിറഞ്ഞ ദുരന്തഭൂമി. എന്നാല്‍ അതിരാവിലെ അപകടം നടന്നതുമുതല്‍ വൈകുന്നേരം വരെ ചങ്ങലക്കിട്ട് ചുട്ടുകൊന്നതുപോലെയുള്ള മൃതദേഹങ്ങള്‍ കുന്നിന്‍മുകളിലേക്ക് എത്തിച്ചുകൊണ്ടിരുന്ന കുറേ ചെറുപ്പക്കാര്‍. അവരെയാണ് ആദ്യം ആദരിക്കേണ്ടത്. വിലമതിക്കാനാവാത്ത സേവനമാണ് അവര്‍ നല്‍കിയതെന്ന കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ അഭിപ്രായം അക്ഷരംപ്രതി ശരിയുമാണ്. കൊല്ലിയില്‍ വീണ മൃതദേഹങ്ങള്‍ ഒന്നൊന്നായി മുകളിലെത്തിക്കാന്‍ അവിടെയുണ്ടായ കുറേ ചെറുപ്പക്കാര്‍ അക്ഷീണം പ്രയത്‌നിച്ചു. പോലീസോ ഫയര്‍ഫോഴ്‌സോ എത്തുന്നതിനുമുമ്പുതന്നെ അവര്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം തികച്ചും ശ്ലാഘനീയവും. അവരെ നമുക്ക് ബഹുമാനിക്കാം.

ഇങ്ങനെയുള്ള മൃതദേഹങ്ങള്‍ സ്വന്തം കാറിലാണ് പലരും ആദ്യം ആസ്​പത്രികളില്‍ എത്തിച്ചതും. നമ്മുടെ നാട്ടില്‍ വണ്ടിയിടിച്ച് റോഡില്‍ വീണാല്‍ ആരും തിരിഞ്ഞുനോക്കാതെ പോകുന്നത് കാണാറുണ്ട്. അവരൊക്കെ മംഗലാപുരത്ത് ചിലര്‍ ചെയ്ത സേവനങ്ങള്‍ കാണേണ്ട കാഴ്ചയായിരുന്നു. ആംബുലന്‍സ്‌പോലും വരുന്നതിന് മുമ്പായിരുന്നു അവിടെയെത്തിയ ചെറുപ്പക്കാര്‍ മൃതദേഹങ്ങള്‍ സ്വന്തംകാറില്‍ ആസ്​പത്രിയിലെത്തിച്ചുകൊണ്ടിരുന്നത്.

വളരെ സങ്കടകരമായ അവസ്ഥയില്‍ നിസ്വാര്‍ഥരായി അധ്വാനിച്ച ഈ ചെറുപ്പക്കാര്‍തന്നെ നമ്മുടെ നാട്ടിന്റെ അഭിമാനവും. ആകെ ചില ബുദ്ധിമുട്ടുകള്‍ ആ സമയത്ത് തോന്നിയത് വാഹനഗതാഗതക്കുരുക്ക് മാത്രമായിരുന്നു. തങ്ങളുടെ ഉറ്റവര്‍ അപകടത്തില്‍പെട്ട വിവരമറിഞ്ഞതുകൊണ്ടാണല്ലോ കേട്ടവര്‍ കേട്ടവര്‍ കിട്ടിയ വാഹനം പിടിച്ച് അങ്ങോട്ട് കുതിച്ചതും.

കഴിഞ്ഞദിവസം കാസര്‍കോട്ട് ചില അക്രമങ്ങള്‍ നടന്നു. അപ്രതീക്ഷിതമായൊരു ഹര്‍ത്താലും. തൊട്ടുപിറ്റേന്നായിരുന്നു വിമാനദുരന്തവും. പിന്നെ ജാതി മത ഭിന്നത മറന്നുകൊണ്ടുള്ള ഒത്തൊരുമയോടെയുള്ള രക്ഷാപ്രവര്‍ത്തനവും. അവിടെ ജാതിയില്ല, മതമില്ല, കൂട്ടായ്മമാത്രം. അത്തരമൊരു കൂട്ടായ്മയാണ് നമുക്ക് മുതല്‍ക്കൂട്ടാവുന്നതും.

ദുരന്തവിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയത് നല്ല കാര്യം. ഹര്‍ത്താല്‍പോലെ പ്രതീതി തോന്നിപ്പിച്ച ചില ഗ്രാമങ്ങള്‍ വിറങ്ങലിച്ചുനിന്ന ദിനമായിരുന്നു കടന്നുപോയത്. ഇത്തരമൊരു ദുരന്തം ഇനി വരില്ല എന്ന് നമുക്ക് ആശിക്കാം

സൈക്കിളില്‍ ഒരു ശ്രാസ്ത്രജ്ഞന്‍


ആകാശദൗത്യങ്ങളുമായി എസ്.എല്.വി.യും പി.എസ്.എല്‍.വി.യുമൊക്കെ കുതിച്ചുയരുമ്പോള്‍ കുമാരപുരത്തുനിന്ന്വേളിയിലേക്ക് പതിയെ സൈക്കിള്‍ ചവിട്ടിവരികയാവും ആദിമൂര്‍ത്തി. ഓഫീസ്തിരക്കുകള്‍ കഴിഞ്ഞ്രാത്രി വൈകി പെഡല്‍ ചവിട്ടി തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴികാട്ടിയായി ചാന്ദ്രവെട്ടം. ചന്ദ്രയാന്‍ദൗത്യത്തിലുള്‍പ്പെടെ പ്രധാന ചുമതലകള്‍ വഹിച്ച വി.എസ്‌.എസ്.സി. അസോസിയേറ്റ്ഡയറക്ടര്‍ ഡോ. വി. ആദിമൂര്‍ത്തിയുടെ 'ഭ്രമണപഥ'മാണിത്. ഇന്ത്യന്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റി വൈസ് പ്രസിഡന്റുകൂടിയായ വി.എസ്.എസ്‌.സി. അസോസിയേറ്റ് ഡയറക്ടര്‍ ഔദ്യോഗിക വാഹനംപോലുമുപേക്ഷിച്ച് കുമാരപുരത്തെ വീട്ടില്‍ നിന്നും തിരികെയും സൈക്കിളില്‍ മാത്രം സഞ്ചാരം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി.
വി.എസ്‌.എസ്‌.സി.യിലെ സാധാരണ ഉദ്യോഗസ്ഥര്‍ പോലും കാറുകളില്‍  പാഞ്ഞുനടക്കുമ്പോള്‍   വി..പി. ഉദ്യോഗസ്ഥന്‍  എന്തേ ഇങ്ങനെയെന്ന്ചോദിച്ചാല്‍   ''നിങ്ങളും സൈക്കിള്‍  യാത്ര ശീലിച്ചു നോക്കൂ'' എന്നാവും 63-കാരന്റെ മറുപടി. ഭൂമിയില്‍ നിന്ന്ചന്ദ്രനിലേക്കുള്ള നാലുലക്ഷം കിലോമീറ്റര്‍  ദൂരം-അത്രയും ദൂരം ഭൂമിയിലൂടെ തന്റെ സൈക്കിളില്‍  ചവിട്ടിയെത്തുക എന്നൊരു കുസൃതി സ്വപ്നവുമുണ്ട്, ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ ദൗത്യത്തില്‍  'മിഷന്‍  ഏരിയ' ചുമതലവഹിച്ച ആദിമൂര്‍ത്തിക്ക്. ശനിയും ഞായറുമുള്‍പ്പെടെ ഡ്യൂട്ടിക്കെത്തുന്ന ഇദ്ദേഹത്തിന് സൈക്കിള്‍ യാത്രയുടെ കണക്കുകളൊക്കെയും കൃത്യം. തലസ്ഥാനത്തുണ്ടെങ്കില്‍  വീട്ടില്‍ നിന്നും തിരികെയുമുള്ള 16 കിലോമീറ്റര്‍ സൈക്കിള്‍ ദൂരം ഒരിക്കലും തെറ്റാറില്ല.  
ഓഫീസിലേക്കുമാത്രമല്ല, ജില്ലയില്‍  എവിടെ പോകണമെങ്കിലും 'ചവിട്ടി' നീങ്ങുകയേയുള്ളൂ ഇദ്ദേഹം. പ്രഗല് ശാസ്ത്രജ്ഞനായ ആദിമൂര്‍ത്തിയാണ് സൈക്കിളില് മണിയും മുഴക്കിപോകുന്നതെന്ന് തിരിച്ചറിയുന്നവര്‍ ചുരുക്കം




1973-ഇല്‍  എയ്റോഡൈനമിക് ഡിവിഷനന്‍  സയന്റിസ്റ്റായി തിരുവനന്തപുരം വി.എസ്‌.എസ്‌.സി.യിലെത്തിയ ആദിമൂര്‍ത്തി ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രപുരം സ്വദേശിയാണ്‌. വിജയവാഡ സ്വദേശിനിയായ ഭാര്യ സന്ധ്യാമൂര്‍ത്തിക്കൊപ്പം കുമാരപുരത്ത് സ്വന്തമായി വീടുവാങ്ങി താമസമാക്കിയിട്ട്‌ 30 വര്ഷത്തോളമായി. ആര്യാ സെന്ട്രല്‍  സ്കൂള്‍  അധ്യാപികകൂടിയായ സന്ധ്യയുടെ നിര്‍ബന്ധത്തിനുവഴങ്ങി ഒരു കാര്‍  വാങ്ങിയെങ്കിലും സ്ഥലങ്ങള്‍  കണ്ടും കാറ്റുകൊണ്ടും കുട്ടിയെപ്പോലെ ചവിട്ടിക്കറങ്ങി സഞ്ചരിക്കുന്നതിന്റെ സുഖം കൈയടക്കാന്‍ കാറിനായില്ല. ഷെഡ്ഡില്‍  പൊടിപിടിച്ചുകിടക്കുകയാണ് കാര്‍ .
വിരമിക്കല്‍ കാലാവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ സേവനം ആവശ്യമുള്ളതിനാല്‍  സര്‍വീസ് നീട്ടിക്കൊടുത്തിരിക്കുകയാണ്‌. മക്കളായ രജിതയും ആദിത്യയും മുംബൈയില്‍ സ്വകാര്യ കമ്പനികളില്‍ ജോലി നോക്കുന്നു. സൈക്കിളില്‍  ഒരു ദീര്‍ഘദൂര കറക്കം നടത്തണമെന്ന്ഏറെ നാളായി ആഗ്രഹമുണ്ടെങ്കിലും തിരക്കുപിടിച്ച ജീവിതത്തിനിടെ സമയം കിട്ടുന്നില്ലെന്ന പരിഭവം ഇദ്ദേഹത്തിനുണ്ട്. 1983-വരെ അബ്ദുള്‍  കലാമിനൊപ്പം ടീമില്‍  പ്രവര്‍ത്തിച്ച ആദിമൂര്‍ത്തി ഗ്രഹാന്തര ദൗത്യ രൂപകല്പ്പനയടക്കം ബഹിരാകാശ പഠനത്തില്‍  നല്കിയ വ്യക്തിഗത സംഭാവനകള്‍  നിരവധിയാണ്‌. ബഹിരാകാശ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍  ഏജന്സി സ്പേസ്ഡബ്രിസ് കോ-ഓര്‍ഡിനേഷന്കമ്മിറ്റി ചെയര്‍മാനായ ഇദ്ദേഹം ജര്‍മ്മനി ആസ്ഥാനമായുള്ള അലക്സാണ്ടര്‍  വോണ്‍ ഹംബോള്‍ട്ട്ഫൗണ്ടേഷന്‍ , ഇന്ത്യന്‍  സിസ്റ്റം ഫൗണ്ടേഷന് തുടങ്ങി നിരവധി വേദികളിലെ തിളങ്ങുന്ന സാന്നിധ്യമാണ്‌. പുരസ്കാരങ്ങളും നിരവധിയാണ്‌  'സൈക്കിള്‍  ശാസ്ത്രജ്ഞനെ' തേടിയെത്തിയത്‌. ഇത്രയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍  ഇങ്ങനെ സൈക്കിളില്‍  കറങ്ങിനടന്നാല്‍ സുരക്ഷാഭീഷണിയില്ലേ എന്ന്വി.എസ്.എസ്.സി. അധികൃതര്‍ പോലും സംശയിച്ചിരുന്നു. ഒരിക്കല്‍  ഓഫീസിനുമുന്നില്‍  ഒന്ന്‌ വീണു എന്നതല്ലാതെ ഒരപകടം പോലും സംഭവിച്ചിട്ടില്ല. പിന്നെ ഇദ്ദേഹം നേരിട്ട 'സുരക്ഷാപ്രശ്നം' ഇതാണ്- ആദ്യം വാങ്ങിയ സൈക്കിള്‍  വര്‍ഷങ്ങള്‍ക്കുമുന്പ്ഭാര്യയെയും കൂട്ടി സിനിമയ്ക്ക്പോയപ്പോള്‍  തിയേറ്ററില്‍ നിന്ന്മോഷണം പോയി. രണ്ടാമത്തെ സൈക്കിളും ഒരു കടയ്ക്ക്മുന്നില്‍  വെച്ച് കള്ളന്‍മാര് കൊണ്ടുപോയി. മൂന്നാമത്തെ സൈക്കിളില്‍  നാലുലക്ഷം കിലോമീറ്റര്‍ എന്ന 'ചാന്ദ്രയാന് ദൗത്യം' സ്വപ്നം കണ്ട്‌ യാത്ര തുടരുകയാണിദ്ദേഹം.





"വി.എസ്‌.എസ്‌.സി.യിലെ സാധാരണ ഉദ്യോഗസ്ഥര്‍ പോലും കാറുകളില്‍ പാഞ്ഞുനടക്കുമ്പോള്‍  വി..പി. ഉദ്യോഗസ്ഥന്‍ എന്തേ ഇങ്ങനെയെന്ന്ചോദിച്ചാല്‍  ''നിങ്ങളും സൈക്കിള്‍ യാത്ര ശീലിച്ചു നോക്കൂ'' എന്നാവും 63-കാരന്റെ മറുപടി"

Monday, May 24, 2010

നാനൊയ്ക്ക് ഭിഷണിയായി മാരുതി സെര്‍വൊ

ടാറ്റയുടെ ചെറിയകാറായ നാനൊയ്ക്ക് ഭീഷണിയായി ഇത് മാരുതി പുതിയ കാര്‍ ഇറക്കുന്നു. മാരുതി സെര്‍വൊ. രണ്ട് മാസത്തിനുള്ളില്‍ ഈ കാര്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഇത്രയും കാലം മാരുതി ഇക്കാര്യം രഹസ്യമായി വച്ചിരിയ്ക്കുകയായിരുന്നു.

നാനൊ നിരത്തില്‍ വിചാരിച്ച വിജയം കണ്ടില്ലെന്ന് വേണം പറയാന്‍. പലസ്ഥലങ്ങളിലും റോഡില്‍ വച്ച് നാനൊയ്ക്ക് തീപിടിച്ചത് ഒട്ടൊന്നുമല്ല നാനൊയുടെ സല്‍പേരിന് കളങ്കമേല്‍പ്പിച്ചത്. ഈ അവസരത്തിലാണ് മാരുതി ഒന്നര ലക്ഷം രൂപ വിലയുള്ള പുതിയ സെര്‍വൊയുമായി രംഗത്തെത്തുന്നത്.

ജപ്പാനിലാണ് സെര്‍വൊ ജനിച്ചത്. ഈ കാറിന് സുസുക്കി രൂപം നല്‍കിയിട്ട് ഏറെക്കാലമായിട്ടില്ല. മാരുതി 800 നേക്കാള്‍ ചെറിയ കാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് കമ്പനി ആലോചിയ്ക്കുന്നില്ലെന്ന് പലതവണ പറഞ്ഞ കമ്പനി രഹസ്യമായി ചെറിയ കാറിനായി ഗവേഷണം നടത്തുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി.

മാരുതിയുടെ മറ്റു ചെറിയ കാറുകളായ ആള്‍ട്ടൊ, വാഗണ്‍ ആര്‍, തുടങ്ങിയ ഗണത്തിലുള്ളതാണ് ഈ കൊച്ചു കാര്‍. നാനൊ പുറത്തിറങ്ങിയതോടെ മാരുതി 800 ന്റെ വില്പന ഗണ്യമായി കുറഞ്ഞിരുന്നു. ഏറ്റവും വിലകുറഞ്ഞ കാറെന്ന ഖ്യാതിയും മാരുതി 800 ന് അതോടെ നഷ്ടമായി.

കാഴ്ചയില്‍ നാനൊയേക്കാള്‍ മികച്ചതാണ് സെര്‍വൊ എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. നാനൊയുടെ വില 1,30,000 രൂപയാണ്. എയര്‍കണ്ടിഷണറും മറ്റും വേണമെങ്കില്‍ വില 1,85,000 വരെ എത്തും. അതുകൊണ്ട് തന്നെ 1.5 ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വിലയുള്ള സെര്‍വൊ ടാറ്റ നാനൊയ്ക്ക് വന്‍ ഭീഷണിയാവും. ചെറിയ കാര്‍ നിര്‍മ്മാണത്തില്‍ മാരുതി സുസുക്കിയുടെ പരിചയ സമ്പത്തായിരിയ്ക്കും അവര്‍ക്ക് ഏറെ ഗുണം ചെയ്യുക.

അഞ്ച് വാതലുകള്‍ ഉള്ള സെര്‍വൊയ്ക്ക് 54 കുതിര ശക്തിയുണ്ട്. 660 സിസി പെട്രോള്‍ എഞ്ചിന്റെ ടോര്‍ക്ക് 64 എന്‍എം ആണ്. ഒരു ലിറ്റര്‍ പെട്രോളിന് ഓടാവുന്ന ദൂരവും കുറവല്ല. അഞ്ച് നിറങ്ങളില്‍ ഈ കാര്‍ ലഭ്യമാണ്. 

മരണവുമായി പറക്കുന്ന പറവകള്‍

ലോകത്തിന്റെ പലഭാഗത്തായി അടിയ്ക്കടി വിമാനാപകടങ്ങള്‍ വര്‍ധിയ്ക്കുകയാണ്. മെയ് 22ന് ശനിയാഴ്ച മംഗലാപുരത്തെ ബജ്‌പെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനം കത്തിയമര്‍ന്ന് 158 പേര്‍ മരിച്ചത് ഏറ്റവും പുതിയ ദുരന്തം.

പതിമൂന്നുവര്‍ഷത്തിനിടെ ലോകമാകമാനമുണ്ടായ വിമാനാപകടങ്ങളില്‍ പൊലിഞ്ഞത് ആറായിരം ജീവന്‍. നാലായിരത്തോളം വിമാനാപകടങ്ങളാണ് ഒന്നരപതിറ്റാണ്ടിനിടെ ഉണ്ടായത്.

1998 നും 2007 നും ഇടയില്‍ 364 വിമാനാപകടങ്ങളില്‍ 5147 പേര്‍ മരിച്ചതായി അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിംഗ് 2007 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

286 യാത്രാവിമാനങ്ങളും 70 ചരക്കുവിമാനങ്ങളും അപകടത്തില്‍പ്പെട്ടു. ഇതില്‍ 78 എണ്ണം വന്‍ദുരന്തങ്ങളായിരുന്നു. മംഗലാപുരത്ത് ഉണ്ടായ വിമാനദുരന്തമടക്കം 2008നുശേഷം 40 വിമാനാപകടങ്ങളുണ്ടായി.

അപകടങ്ങളില്‍ ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. 2010 മെയ് 12 ന് ജോഹന്നാസ്ബര്‍ഗില്‍നിന്നു വരികയായിരുന്ന അഫ്രികിയാ എയര്‍വേസ് വിമാനം ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ തകര്‍ന്നുവീണ് 103 പേര്‍ മരിച്ചിരുന്നു.


2010 ഏപ്രില്‍ മാസത്തില്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണു പോളണ്ട് പ്രസിഡന്റടക്കം 92 പേര്‍ മരിച്ചിരുന്നു. ഇന്ത്യയിലുണ്ടായ വിമാനാപകടങ്ങളില്‍ മരണസംഖ്യയുടെ അടിസ്ഥാനത്തില്‍ മൂന്നാമത്തേതാണു മംഗലാപുരം ദുരന്തം. 1996 നവംബര്‍ 12നു ഹരിയാനയിലെ ചര്‍ക്കി ദാദ്രി ഗ്രാമത്തിനു മുകളില്‍ സൌദി എയര്‍വേയ്‌സിന്റെയും കസഖ് എയര്‍വേയ്‌സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിച്ചു 351 പേര്‍ മരിച്ചതാണു രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ വിമാനദുരന്തം.

1978 ജനുവരിയിലെ പുതുവത്സരദിനത്തില്‍ മുംബൈയില്‍ നിന്നു ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എംപറര്‍ അശോക അറബിക്കടലില്‍ തകര്‍ന്നുവീണ് 213 ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഇതില്‍ നൂറോളം പേര്‍ മലയാളികളായിരുന്നു.

ഇന്ത്യന്‍ വിമാനം തകര്‍ന്ന് ഏറ്റവുമധികം ആള്‍നാശമുണ്ടായതു കനിഷ്‌ക ദുരന്തത്തിലാണ്. 1985 ജൂണ്‍ 24നു ടൊറന്റോയില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെ അയര്‍ലന്‍ഡ് തീരത്തുവച്ചുണ്ടായ സ്‌ഫോടനത്തില്‍ വിമാനം തകര്‍ന്നു 329 പേര്‍ക്കാണു ജീവഹാനി സംഭവിച്ചത്.

1966 ജനുവരി 24ന് എയര്‍ ഇന്ത്യയുടെ കാഞ്ചന്‍ജംഗ വിമാനം ആല്‍പ്‌സ് പര്‍വതനിരകളില്‍ വീണ് ആണവ ശ്രാസ്ത്രജ്ഞന്‍ ഹോമി ജെ. ഭാഭ ഉള്‍പ്പെടെ 117 പേര്‍ മരിച്ചിരുന്നു.

Saturday, May 22, 2010

10മണിക്കൂര്‍ ഉറങ്ങിയാല്‍ 100വരെ ജീവിയ്ക്കാം

മുതിര്‍ന്ന ഒരു വ്യക്തിക്ക് ആറ് മുതല്‍ ഏഴ് മണിക്കൂര്‍വരെ ഉറക്കം ധാരാളമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. പൊതുവെ എല്ലാവരും ഇത്രയും സമയമാണ് ഉറങ്ങാറുള്ളത്.

എന്നാല്‍ കൂടുതല്‍ ഉറങ്ങിയാല്‍ ഉറക്കത്തിന്റെ സുഖം എന്നല്ലാതെ എന്തെങ്കിലും നേട്ടമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പത്തുമണിക്കൂര്‍ ഉറങ്ങിയാല്‍ ദീര്‍ഘായസ്സാകുമെന്നാണ് പറയുന്നത്. അതായത് നൂറവര്‍ഷമെങ്കിലും ജീവിച്ചിരിക്കാമെന്ന് ചുരുക്കം.

ഉറക്കവും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നുതന്നെയാണ് പുതിയ പഠനത്തിലും തെളിഞ്ഞിരിക്കുന്നത്. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പുതിയ കോശങ്ങള്‍ വളരുകയും വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്.

വിഷാംശം പുറന്തള്ളുക വഴി കോശങ്ങളുടെ പ്രതിരോധശേഷി കൂടുന്നു. ഇത് ശരീരത്തിന് മൊത്തം രോഗപ്രതിരോധശേഷികൂട്ടുന്നു. ചിലരില്‍ അടിയ്ക്കടി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ഉറക്കക്കുറവായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉറക്കം കുറയുമ്പോള്‍ രക്തത്തിലെ കൊഴുപ്പ്, കോര്‍ട്ടിസോള്‍, രക്തസമ്മര്‍ദ്ദം എന്നി ഉയരുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനശേഷിയെയും അതുവഴി ബുദ്ധിയെയും പ്രതികൂലമായി ബാധിച്ചേയ്ക്കും.

പോര്‍ട്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നൂറ് വയസ്സിനോടടുത്ത ആളുകളില്‍ സംഘം നടത്തിയ പരിശോധനയില്‍ ഇവരില്‍ ഏറെപ്പേരും ദിവസവും ശരാശരി പത്ത് മണിക്കൂറെങ്കിലും ഉറങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

നമസ്കാരം... ഗൂഗിള്‍ ടെലിവിഷനിലേക്ക് സ്വാഗതം.

നമസ്കാരം... ഗൂഗിള്‍ ടെലിവിഷനിലേക്ക് സ്വാഗതം... അതെ, ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കും തുടങ്ങുകയാണ്. സങ്കേതിക ലോകത്തെ രാജാവിന്റെ വാഴ്ച ഇവിടെ തുടരുകയാണ്. നെറ്റ് ലോകത്ത് എന്നും പുതുമകളുമായി എത്തുന്ന ഗൂഗിള്‍ ടെലിവിഷന്‍ മേഖലയിലും പരീക്ഷണങ്ങള്‍ നടത്തുകയാണ്.

വര്‍ഷങ്ങളായി നെറ്റ് രംഗത്ത് വിവിധ സേവനങ്ങള്‍ നടപ്പിലാക്കി വിജയം നേടിയ ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം സെല്‍ഫോണ്‍ വിപണിയിലും കാലുകുത്തി. ഗൂഗിളില്‍ നിന്ന് പുറത്തിറങ്ങിയ ആദ്യ ഇലക്ട്രോണിക്സ് ഉപകരണം കൂടിയായിരുന്നു അത്. ഗൂഗിള്‍ ടിവി എന്ന പേരില്‍ പുതിയ സേവനം കഴിഞ്ഞ ദിവസമാണ് ഗൂഗിള്‍ പുറത്തിറക്കിയത്.

ലോകത്തെ വിവിധ കേബിള്‍, സാറ്റലൈറ്റ് ചാനലുകളുമായി ചേര്‍ന്നാണ് ഗൂഗിള്‍ ടിവി നടപ്പിലാക്കുന്നത്. ടെലിവിഷണില്‍ തന്നെ ഇന്റര്‍നെറ്റും ലഭ്യമാക്കും. ഇതിലൂടെ ലോകത്തെ ഏത് ടെലിവിഷന്‍ പ്രോഗ്രാമുകളും അന്വേഷിച്ച് കണ്ടെത്തി ആസ്വദിക്കാനാവും.

ഗൂഗിള്‍ ടെലിവിഷന്‍ സംവിധാന പദ്ധതിയില്‍ ഇന്റല്‍ കമ്പനിയും സോണിയും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ടെലിവിഷനില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒരു സെറ്റപ്പ് ബോക്‌സ് നിര്‍മിക്കാനുള്ള പദ്ധതിക്കാണ് ഈ കൂട്ടായ്മ.

ദൃശ്യമാധ്യമരംഗത്ത് വന്‍വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്ന നൂതന സാങ്കേതിക വിദ്യകളുമായാണ് ഗൂഗിള്‍ ടിവിയെത്തുന്നത്. വീട്ടിലിരുന്ന് ടെലിവിഷനില്‍ ഇഷ്ട പ്രോഗ്രാമുകള്‍ സെര്‍ച്ച് ചെയ്യാന്‍ സാധിക്കുന്ന പുതിയ സങ്കേതം 'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ച് ഗൂഗിള്‍ പരീക്ഷിക്കും. അതേസമയം, ഗൂഗിള്‍ ടി വി സേവനം ലഭ്യമാക്കാന്‍ എന്തു വില നല്‍കേണ്ടി വരുമെന്നത് സംബന്ധിച്ച് അധികൃതര്‍ പ്രസ്താവന നടത്തിയിട്ടില്ല.

ഡി റ്റി എച്ച് പോലെ ഗൂഗിള്‍ നല്‍കുന്ന സെറ്റപ്പ് ബോക്‌സിന്റെ സഹായത്തോടെ ലോകത്തെ ടെലിവിഷന്‍ ചാനലുകള്‍ മികച്ച സാങ്കേതിക മികവോടെ ലഭിക്കും. ഇതോടൊപ്പം ഇന്റര്‍നെറ്റും ലഭ്യമാകും. നിലവിലെ ട്രന്റായ സോഷ്യല്‍ നെറ്റ്വര്‍ക്ക് സേവനങ്ങള്‍, യൂടൂബ് വീഡിയോകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങീ നിരവധി സേവനങ്ങളും ഇത് വഴി ലഭ്യമാക്കാനാണ് പദ്ധതിയിടുന്നത്.

സാങ്കേതിക ലോകത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഗൂഗിള്‍ സെറ്റപ്പ് ബോക്സ് ഇന്റലും സോണിയും ടെക്‌നോളജി നിര്‍മാതാക്കളായ ലോഗിടെകും ചേര്‍ന്നാണ് വികസിപ്പിച്ചെടുക്കുക. സെറ്റപ്പ് ബോക്‌സിന്റെ റിമോട്ട് കണ്‍ട്രോളും കീബോര്‍ഡും ലോഗിടെക് നിര്‍മ്മിക്കുമെന്നാണ് അറിയുന്നത്. അതേസമയം, പ്രവര്‍ത്തനങ്ങളെല്ലാം ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും.

അതെ, ദൃശ്യമാധ്യമ രംഗത്ത് ഇനി ഗൂഗിളിന്റെ ദിനങ്ങളായിരിക്കും. ലോകത്തെ ടെലിവിഷന്‍ നെറ്റ് ശൃംഖലകള്‍ ഗൂഗിളിന്റെ കീഴില്‍ വരും. ഇതോടെ പരമ്പരാഗത ടെലിവിഷനുകള്‍ ഓര്‍മ്മയാകും.

Wednesday, May 19, 2010

നടന്മാരായ മക്കള്‍ ആറുമാസമായി വിളിക്കാറില്ല - തിലകന്‍.


സിനിമയില്‍ അവസരം നഷ്ടപ്പെടുമെന്നു പേടിച്ചു നടന്മാരായ രണ്ടു മക്കളും തന്നെ ആറുമാസമായി വിളിക്കാറില്ലെന്ന് നടന്‍ തിലകന്‍.

ലോഹിതദാസിന്റെ കുടുംബം സത്യസന്ധമായി പ്രതികരിച്ചാല്‍ സിബി മലയിലിന്റെ തനിനിറം പുറത്തുവരുമെന്നും. അദ്ദേഹം സിനിമതന്നെ നിര്‍ത്തിപോകേണ്ടി വരുമെന്നും അദ്ദേഹം ആരോപിച്ചു.

മലയാള സിനിമയിലെ യഥാര്‍ത്ഥ ഭീകരര്‍ ഫെഫ്കയും അമ്മ യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമാണ്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വിലക്കുകല്‍പിക്കുകയും തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്ന ഫെഫ്കയും ശ്രീനാഥിനെ പോലുള്ള നടന്മാരെ മാനസികമായി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യാന്‍ നോക്കുന്ന താരസംഘടനയായ അമ്മയും മാഫിയ സംഘങ്ങളെ പോലെയാണു പ്രവര്‍ത്തിക്കുന്നത്- തിലകന്‍ ആരോപിച്ചു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയാണ്. ഭീഷണിപ്പെടുത്തലിലൂടെയും ലക്ഷങ്ങള്‍ വാങ്ങുന്ന സംഘടനാ നേതാക്കളെ ഗുണ്ടാനിയമപ്രകാരം അറസ്റ്റു ചെയ്യണം- തിലകന്‍ ആവശ്യപ്പെട്ടു.

വിസതട്ടിപ്പിന് അറസ്റ്റിലായ നടന്‍ വിജയകുമാറിന്റെ കൂട്ടുപ്രതികളായി പ്രമുഖ സംവിധായകരും, നടന്‍മാരും ഒക്കെയുണ്ടെന്നാണ് പറയുന്നത്. ഷൂട്ടിംഗിന്റെ മറവില്‍ മനുഷ്യകടത്തു നടത്തുന്ന ഇത്തരം ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണം. വിജയകുമാറിനെ മാത്രം ബലിയാടാക്കിയാല്‍ യഥാര്‍ത്ഥ കള്ളന്‍മാര്‍ രക്ഷപ്പെടും- തിലകന്‍ പറഞ്ഞു
Marconi Malayalam