Tuesday, May 25, 2010

വിലമതിക്കാനാവാത്ത സേവനമിത്

ഏത് കഠിനഹൃദയന്റെയും കരളലിയിപ്പിക്കുന്ന രംഗമായിരുന്നല്ലോ മംഗലാപുരത്ത് വിമാനം പറന്നിറങ്ങി കത്തിയെരിഞ്ഞപ്പോള്‍ ദൃശ്യമായത്. എല്ലാം ഒരുനിമിഷംകൊണ്ട് ചാരമായിപ്പോയ മഹാദുരന്തം. അരയില്‍ സീറ്റ്‌ബെല്‍റ്റുമായി കസേരയില്‍ ഇരുന്നതുപോലെയുള്ള കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍. മഴപെയ്തതിനാല്‍ ചളിനിറഞ്ഞ ദുരന്തഭൂമി. എന്നാല്‍ അതിരാവിലെ അപകടം നടന്നതുമുതല്‍ വൈകുന്നേരം വരെ ചങ്ങലക്കിട്ട് ചുട്ടുകൊന്നതുപോലെയുള്ള മൃതദേഹങ്ങള്‍ കുന്നിന്‍മുകളിലേക്ക് എത്തിച്ചുകൊണ്ടിരുന്ന കുറേ ചെറുപ്പക്കാര്‍. അവരെയാണ് ആദ്യം ആദരിക്കേണ്ടത്. വിലമതിക്കാനാവാത്ത സേവനമാണ് അവര്‍ നല്‍കിയതെന്ന കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ അഭിപ്രായം അക്ഷരംപ്രതി ശരിയുമാണ്. കൊല്ലിയില്‍ വീണ മൃതദേഹങ്ങള്‍ ഒന്നൊന്നായി മുകളിലെത്തിക്കാന്‍ അവിടെയുണ്ടായ കുറേ ചെറുപ്പക്കാര്‍ അക്ഷീണം പ്രയത്‌നിച്ചു. പോലീസോ ഫയര്‍ഫോഴ്‌സോ എത്തുന്നതിനുമുമ്പുതന്നെ അവര്‍ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം തികച്ചും ശ്ലാഘനീയവും. അവരെ നമുക്ക് ബഹുമാനിക്കാം.

ഇങ്ങനെയുള്ള മൃതദേഹങ്ങള്‍ സ്വന്തം കാറിലാണ് പലരും ആദ്യം ആസ്​പത്രികളില്‍ എത്തിച്ചതും. നമ്മുടെ നാട്ടില്‍ വണ്ടിയിടിച്ച് റോഡില്‍ വീണാല്‍ ആരും തിരിഞ്ഞുനോക്കാതെ പോകുന്നത് കാണാറുണ്ട്. അവരൊക്കെ മംഗലാപുരത്ത് ചിലര്‍ ചെയ്ത സേവനങ്ങള്‍ കാണേണ്ട കാഴ്ചയായിരുന്നു. ആംബുലന്‍സ്‌പോലും വരുന്നതിന് മുമ്പായിരുന്നു അവിടെയെത്തിയ ചെറുപ്പക്കാര്‍ മൃതദേഹങ്ങള്‍ സ്വന്തംകാറില്‍ ആസ്​പത്രിയിലെത്തിച്ചുകൊണ്ടിരുന്നത്.

വളരെ സങ്കടകരമായ അവസ്ഥയില്‍ നിസ്വാര്‍ഥരായി അധ്വാനിച്ച ഈ ചെറുപ്പക്കാര്‍തന്നെ നമ്മുടെ നാട്ടിന്റെ അഭിമാനവും. ആകെ ചില ബുദ്ധിമുട്ടുകള്‍ ആ സമയത്ത് തോന്നിയത് വാഹനഗതാഗതക്കുരുക്ക് മാത്രമായിരുന്നു. തങ്ങളുടെ ഉറ്റവര്‍ അപകടത്തില്‍പെട്ട വിവരമറിഞ്ഞതുകൊണ്ടാണല്ലോ കേട്ടവര്‍ കേട്ടവര്‍ കിട്ടിയ വാഹനം പിടിച്ച് അങ്ങോട്ട് കുതിച്ചതും.

കഴിഞ്ഞദിവസം കാസര്‍കോട്ട് ചില അക്രമങ്ങള്‍ നടന്നു. അപ്രതീക്ഷിതമായൊരു ഹര്‍ത്താലും. തൊട്ടുപിറ്റേന്നായിരുന്നു വിമാനദുരന്തവും. പിന്നെ ജാതി മത ഭിന്നത മറന്നുകൊണ്ടുള്ള ഒത്തൊരുമയോടെയുള്ള രക്ഷാപ്രവര്‍ത്തനവും. അവിടെ ജാതിയില്ല, മതമില്ല, കൂട്ടായ്മമാത്രം. അത്തരമൊരു കൂട്ടായ്മയാണ് നമുക്ക് മുതല്‍ക്കൂട്ടാവുന്നതും.

ദുരന്തവിവരമറിഞ്ഞ് വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയത് നല്ല കാര്യം. ഹര്‍ത്താല്‍പോലെ പ്രതീതി തോന്നിപ്പിച്ച ചില ഗ്രാമങ്ങള്‍ വിറങ്ങലിച്ചുനിന്ന ദിനമായിരുന്നു കടന്നുപോയത്. ഇത്തരമൊരു ദുരന്തം ഇനി വരില്ല എന്ന് നമുക്ക് ആശിക്കാം

No comments:

Post a Comment