Tuesday, May 25, 2010

സിംപ്ളി പ്രൈസ്‍ലെസ്

ഒടുവില്‍ എല്ലാം പാവം ഗൂസിക്കയുടെ തലയില്‍. പൈലറ്റിന്റെ പിഴവ് പൈലറ്റിന്റെ പിഴവ് എന്നാവര്‍ത്തിച്ചു പറഞ്ഞാല്‍ പിഴവ് തന്റെയാണോ എന്നു വിശദീകരിക്കാന്‍ പൈലറ്റ് ഇനി ബാക്കിയില്ല. മാധ്യമങ്ങളും വ്യോമയാനഗതാഗത മന്ത്രാലയവും ഒടുവില്‍ എയര്‍ ഇന്ത്യയും പഴി പൈലറ്റിനിരിക്കട്ടെ എന്നു തീരുമാനിച്ചതോടെ കാര്യങ്ങള്‍ വെടിപ്പായി. ടേബിള്‍ ടോപ്പ് എയര്‍പോര്‍ട്ട് എന്നൊരു പുതിയ വാക്കും അത്തരത്തിലുള്ള വിമാനത്താവളങ്ങളില്‍ ഇത്തരത്തില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന സങ്കല്‍പവുമുണ്ടായതോടെ ‘ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കണം’ എന്ന ആവശ്യവുമായി കടലാസുസംഘടനകളും ഇറങ്ങി. ദേശീയദുരന്തമായതുകൊണ്ട് പേരുവച്ച് അനുശോചിക്കാനുള്ള നഷ്ടമായ അവസരം ടേബിള്‍ ടോപ്പിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു.
 
നമ്മള്‍ പറഞ്ഞു വന്നത് ഗൂസിക്കയുടെ കാര്യമാണ്. ഗൂസിക്ക എന്റെ അളിയനോ അമ്മാവനോ അല്ല. ഗൂസിക്കക്കു പിഴച്ചില്ല എന്നും പറയാന്‍ എനിക്കുദ്ദേശമില്ല. എന്റെ സംശയം ഈ അപ്പൂപ്പനെ വിമാനം ഓടിക്കാന്‍ ഏല്‍പിച്ച എയര്‍ ഇന്ത്യ ഞങ്ങള്‍ അനുശോചിക്കുന്നു എന്നു പറഞ്ഞ് എല്ലാ പത്രത്തിലും വീശിയൊരു പരസ്യം കൊടുത്തിട്ട് ഇതിന്റെ ഉത്തരവാദിത്വതത്തില്‍ നിന്ന് കൂളായി ഊരിപ്പോവുന്നതിന്റെ ധാര്‍മികതയാണ്. പൈലറ്റിന്റെ പിഴവ് എന്നു പറയുമ്പോള്‍ പൈലറ്റിനെങ്ങനെ പിഴച്ചു എന്ന ചോദ്യത്തിനു കൂടി ഉത്തരം കണ്ടെത്തേണ്ടതായി വരും. ചക്രം നിലത്തു തൊടേണ്ട സമയത്ത് തൊടാന്‍ പറ്റാതെ വന്നപ്പോള്‍ പണിയാകുമെന്നു തോന്നി പൈലറ്റ് കുന്ത്രാണ്ടം പിന്നെയും പൊക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നു മനസ്സിലാകുന്നത്. അപ്പോള്‍, ലൈലയുടെ സ്വാധീനത്താല്‍ സംജാതമായ കാലാവസ്ഥ, ഇത്തിരിപ്പോന്ന നീളത്തില്‍ ഉണ്ടാക്കി വച്ചിരിക്കുന്ന റണ്‍വേ തുടങ്ങിയ സംഗതികള്‍ക്കും ഇതില്‍ ഗണ്യമായ പങ്കുണ്ട്. അങ്ങനെ വരുമ്പോള്‍ ദീര്‍ഘവീക്ഷണമില്ലാത്ത ഭരണാധികാരികള്‍ക്കും എയര്‍ ഇന്ത്യക്കും പിഴവു സംഭവിച്ചിട്ടുണ്ട് എന്ന് പറയേണ്ടതായി വരും.
 
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് വന്‍തുക നഷ്ടപരിഹാരം വാഗ്ദാനം ചെയ്താല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുക്കേണ്ടതില്ല എന്നോ അതിന്റെ ആഘാതം കുറയുമെന്നോ അര്‍ഥമുണ്ടോ ? ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് ബന്ധുക്കള്‍ മുക്തരാകുന്നതിനു മുമ്പ് നഷ്ടപരിഹാരത്തെ സംബന്ധിച്ച് എയര്‍ ഇന്ത്യ നല്‍കിയിരിക്കുന്ന പരസ്യം കണ്ടാല്‍ അങ്ങനെ തോന്നും. അപകടത്തില്‍ പെട്ട പലരുടെയും ബോഡി തിരിച്ചറിയണമെങ്കില്‍ ഇനി ഡിഎന്‍എ ടെസ്റ്റ് കഴിയണം. അതിനു തന്നെ കുറെ ദിവസങ്ങളെടുക്കും. എന്നാല്‍, എയര്‍ ഇന്ത്യയുടെ സൈറ്റില്‍ നിന്ന് ഫോം ഡൌണ്‍ലോഡ് ചെയ്ത് അല്ലെങ്കില്‍ പരസ്യത്തില്‍ പറയുന്ന ഓഫിസുകളില്‍ പോയി ഫോം വാങ്ങി പൂരിപ്പിച്ച് നഷ്ടപരിഹാരത്തിനുള്ള ആപ്ളിക്കേഷന്‍ കൊടുക്കാനാണ് എയര്‍ ഇന്ത്യ പറയുന്നത്. പോരെങ്കില്‍ നഷ്ടപരിഹാരത്തിന്റെ ഒരു വിലവിവര പട്ടികയും പരസ്യത്തിലുണ്ട്:-
 
അന്തരിച്ച 12 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍: 10 ലക്ഷം രൂപ
അന്തരിച്ച 12 വയസ്സില്‍ താഴെയുള്ളവര്‍: 5 ലക്ഷം രൂപ
പരുക്കേറ്റവര്‍ക്ക്: 2 ലക്ഷം രൂപ
 
ആരാണ് ഇങ്ങനെ ജീവനു വിലയിട്ടു വച്ചിരിക്കുന്നത് എന്നെനിക്കറിയില്ല. 12 വയസ്സ് ഒരു മനുഷ്യന്റെ ജീവിതത്തില്‍ (മരണത്തിലും) എന്തു വിലവര്‍ധനയാണ് ഉണ്ടാക്കുന്നതെന്നും എനിക്കറിയില്ല. നഷ്ടമായ ഒരു ജീവനും പകരമായി എയര്‍ ഇന്ത്യയുടെ സ്ഥാവര ജംഗമ വസ്തുക്കളും ചടാക്ക് വിമാനങ്ങളും നല്‍കിയാലും മതിയാവില്ല. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എയര്‍ ഇന്ത്യയുടെ ഔദാര്യവുമല്ല. പിന്നെന്തിന് സിംപ്ളി പ്രൈസ്ലെസ് (ലവലേശം വിലയില്ലാത്തത്) എന്ന കുറിമാനം അടിയില്‍ കൊടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പേടിപ്പിക്കുന്ന ലോഗോയും പതിപ്പിച്ച് ഇന്നു തന്നെ ഈ ക്രൂരമായ പരസ്യം പത്രത്തില്‍ കൊടുത്തു എന്നെനിക്കു പിടികിട്ടുന്നില്ല. ചിലപ്പോള്‍ എന്റെ കുഴപ്പമാകാനും മതി. അങ്ങനെയാണെങ്കില്‍ ഞാന്‍ എയര്‍ ഇന്ത്യയോടു മാപ്പു ചോദിക്കുന്നു.
 
ഇതിനിടയിലാണ് വേറെ നാടകങ്ങള്‍. വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ വിവരം അറിഞ്ഞപ്പോഴേ രാജി വയ്ക്കാന്‍ തുടങ്ങിയെന്നും ‘ഇപ്പോള്‍ അപകടത്തില്‍ ശ്രദ്ധിക്കൂ; രാജിയൊക്കെ പിന്നെയാകാം’ എന്നു പറഞ്ഞത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരുവിധത്തില്‍ ആളെ തണുപ്പിച്ചു എന്നുമാണ് ഒരു വാര്‍ത്ത. പ്രഫുല്‍ പട്ടേല്‍ കോണ്‍ഗ്രസുകാരനും മന്‍മോഹന്‍സിങ് ബിജെപിക്കാരനും (മിനിമം സിപിഎംകാരനെങ്കിലും) ആയിരുന്നെങ്കില്‍ ഞാനിതൊക്കെ വിശ്വസിച്ചേനെ. ഇതൊക്കെ കേരളത്തിലെ കെഎസ്യുക്കാരു പോലും കൈവിട്ട നമ്പരുകളാണ്. അല്ല അതുപോട്ടെ, പ്രഫുല്‍ജി അങ്ങനെ പറഞ്ഞില്ലന്നോ മന്‍മോഹന്‍ജി തണുപ്പിച്ചില്ലന്നോ പറയുന്നില്ല, സംഗതി ഞാന്‍ വിശ്വസിക്കുന്നില്ലന്നേയുള്ളൂ.
മംഗലാപുരം അപകടം കേരള സര്‍ക്കാര്‍ വേണ്ടവിധം കൈകാര്യം ചെയ്തില്ല എന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാം വേണ്ടപോലെ ചെയ്തതുകൊണ്ട് വലിയ കുഴപ്പമൊന്നും ഉണ്ടായില്ല എന്നും കോണ്‍ഗ്രസ്സുകാരനായ എംപി കെ.സുധാകരന്‍ കാസര്‍കോട്ട് ഒരു പ്രസംഗത്തില്‍ പറഞ്ഞതായി വാര്‍ത്ത കണ്ടു. ഇതോടെ കംപ്ളീറ്റാളുകളും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വോട്ടുകുത്തുമെന്ന മിഥ്യാധാരണ സുധാകരന്‍ സാറിനുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ വേണ്ടി അവിടെപ്പോയി ഇങ്ങനെ പറയാനുള്ള തൊലിക്കട്ടി കാണിച്ച സുധാകരബുദ്ധി തികച്ചും നികൃഷ്ടമായി പോയി എന്നു പറയാതെ വയ്യ. കേരള സര്‍ക്കാര്‍ എന്തു ചെയ്യണമെന്നാണ് സുധാകരന്‍ സാറുദ്ദേശിച്ചത് എന്നു വ്യക്തമായി പറഞ്ഞു കണ്ടില്ല. എംപിയുടെ പ്രസ്താവന അനുചിതമായി പോയി എന്ന് മന്ത്രി ബിനോയി വിശ്വം പറഞ്ഞിട്ടുണ്ട്. മന്ത്രിയോട് ഞാനും യോജിക്കുന്നു. വകതിരിവുണ്ടാകാന്‍ വേണ്ടി സുധാകരന്‍ സാര്‍ പ്രാര്‍ഥിക്കുന്നത് നല്ലതായിരിക്കും.
 
എല്ലാംകൂടി കാണുമ്പോള്‍ സാധാരണക്കാരന് ഒന്നേ തോന്നുന്നുള്ളൂ: പൌരന്റെ ജീവന്‍ സുരക്ഷിതമാണ് എന്നുറപ്പു വരുത്താന്‍ കാര്യമായൊന്നും ചെയ്യാതെ മരണശേഷം വാഗ്ദാനങ്ങള്‍ നല്‍കുന്ന, പാഴ്വാക്കുകള്‍ പറയുന്ന, ആരോപണങ്ങള്‍ ഉന്നയിക്കുന്ന നമ്മുടെ നേതാക്കളുടെയും ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളുടെയും നിലപാടുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കുറിമാനം പോലെ സിപ്ളി പ്രൈസ്ലെസ് ആണ്. അതുകൊണ്ട്, തമ്പുരാനേ കാത്തോളണേ.. എന്നു പറഞ്ഞിട്ടേ ഒരു വഴിക്കിറങ്ങാവൂ. കാരണം, പ്രതീക്ഷാനിര്‍ഭരമായ ഒരു ജീവിതത്തിലേക്ക് നമുക്കൊക്കെ തിരിച്ചെത്തിയേ മതിയാവൂ.
 
ദുരന്തത്തില്‍ പലരും നഷ്ടപ്പെട്ട സുഹൃത്തുക്കള്‍ നമ്മോടൊപ്പമുണ്ട്. ഈ സമയത്ത് എന്തു പറയാനാണ് എന്നു കരുതി അനിശ്ചിതമായ ഒരു മൌനം പാലിച്ച് മാറി നില്‍ക്കാനാവും നമുക്കും തോന്നുക. മരണത്തോടു പോലും പ്രഫഷനലും ഒഫിഷ്യലുമായി ഇടപെടുന്നവരില്‍ നിന്നു വ്യത്യസ്തമായിരിക്കും നമ്മുടെ സാമീപ്യം. ഈ വിഷമഘട്ടത്തില്‍ അല്‍പം ത്യാഗം സഹിച്ചായാലും അവരോടൊപ്പം നിന്നുകൊണ്ട് പലരുടെയും ജീവിതത്തിലെ തന്നെ ഏറ്റവും കഠിനമായ ഈ കാലഘട്ടട്ടെ തരണം ചെയ്യാന്‍ നമുക്കവരെ സഹായിക്കാം. ദുരന്തത്തില്‍ വേദനിക്കുന്ന ഓരോ വ്യക്തിയോടുമൊപ്പം ഞാനും വേദനിക്കുന്നു. ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തിയും കരുത്തും ഈശ്വരന്‍ അവര്‍ക്കു നല്‍കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. 

4 comments:

  1. ആണുങ്ങളുടെ പോസ്റ്റ് അടിച്ചുമാറ്റുന്നോടാ കള്ളാ..
    http://berlytharangal.com/?p=4576

    ReplyDelete
  2. സ്വന്തമായി വല്ലതും എഴുതി പോസ്റ്റെടാ..

    ReplyDelete
  3. അയ്യേ മോശം മോശം..... ഇവിടെ ഉള്ള articles എല്ലാം വേറെ എങ്ങുനിന്നോ അടിച്ചു മാറ്റിയതാവും അല്ലേ.......

    ReplyDelete
  4. കള്ളാ...കള്ളാ... കൊച്ചു കള്ളാ... നിന്നെ കാണാന്‍ എന്തൊരു style ആണ്.
    Stylan ബ്ലോഗുകള്‍ വായിച്ചു നോക്കിയപ്പോള്‍ ഉള്ളത് മൊത്തം കോപ്പി ആണ്.

    ReplyDelete