Saturday, May 22, 2010

10മണിക്കൂര്‍ ഉറങ്ങിയാല്‍ 100വരെ ജീവിയ്ക്കാം

മുതിര്‍ന്ന ഒരു വ്യക്തിക്ക് ആറ് മുതല്‍ ഏഴ് മണിക്കൂര്‍വരെ ഉറക്കം ധാരാളമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. പൊതുവെ എല്ലാവരും ഇത്രയും സമയമാണ് ഉറങ്ങാറുള്ളത്.

എന്നാല്‍ കൂടുതല്‍ ഉറങ്ങിയാല്‍ ഉറക്കത്തിന്റെ സുഖം എന്നല്ലാതെ എന്തെങ്കിലും നേട്ടമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പത്തുമണിക്കൂര്‍ ഉറങ്ങിയാല്‍ ദീര്‍ഘായസ്സാകുമെന്നാണ് പറയുന്നത്. അതായത് നൂറവര്‍ഷമെങ്കിലും ജീവിച്ചിരിക്കാമെന്ന് ചുരുക്കം.

ഉറക്കവും ആരോഗ്യ പ്രശ്‌നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നുതന്നെയാണ് പുതിയ പഠനത്തിലും തെളിഞ്ഞിരിക്കുന്നത്. ഉറങ്ങുമ്പോള്‍ ശരീരത്തില്‍ പുതിയ കോശങ്ങള്‍ വളരുകയും വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്യുന്നുണ്ട്.

വിഷാംശം പുറന്തള്ളുക വഴി കോശങ്ങളുടെ പ്രതിരോധശേഷി കൂടുന്നു. ഇത് ശരീരത്തിന് മൊത്തം രോഗപ്രതിരോധശേഷികൂട്ടുന്നു. ചിലരില്‍ അടിയ്ക്കടി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ഉറക്കക്കുറവായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഉറക്കം കുറയുമ്പോള്‍ രക്തത്തിലെ കൊഴുപ്പ്, കോര്‍ട്ടിസോള്‍, രക്തസമ്മര്‍ദ്ദം എന്നി ഉയരുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മാത്രമല്ല ഉറക്കക്കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനശേഷിയെയും അതുവഴി ബുദ്ധിയെയും പ്രതികൂലമായി ബാധിച്ചേയ്ക്കും.

പോര്‍ട്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. നൂറ് വയസ്സിനോടടുത്ത ആളുകളില്‍ സംഘം നടത്തിയ പരിശോധനയില്‍ ഇവരില്‍ ഏറെപ്പേരും ദിവസവും ശരാശരി പത്ത് മണിക്കൂറെങ്കിലും ഉറങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment