ലോകത്തിന്റെ പലഭാഗത്തായി അടിയ്ക്കടി വിമാനാപകടങ്ങള്‍ വര്‍ധിയ്ക്കുകയാണ്. മെയ് 22ന് ശനിയാഴ്ച മംഗലാപുരത്തെ ബജ്‌പെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ വിമാനം കത്തിയമര്‍ന്ന് 158 പേര്‍ മരിച്ചത് ഏറ്റവും പുതിയ ദുരന്തം.
പതിമൂന്നുവര്‍ഷത്തിനിടെ ലോകമാകമാനമുണ്ടായ വിമാനാപകടങ്ങളില്‍ പൊലിഞ്ഞത് ആറായിരം ജീവന്‍. നാലായിരത്തോളം വിമാനാപകടങ്ങളാണ് ഒന്നരപതിറ്റാണ്ടിനിടെ ഉണ്ടായത്.
1998 നും 2007 നും ഇടയില്‍ 364 വിമാനാപകടങ്ങളില്‍ 5147 പേര്‍ മരിച്ചതായി അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിംഗ് 2007 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
286 യാത്രാവിമാനങ്ങളും 70 ചരക്കുവിമാനങ്ങളും അപകടത്തില്‍പ്പെട്ടു. ഇതില്‍ 78 എണ്ണം വന്‍ദുരന്തങ്ങളായിരുന്നു. മംഗലാപുരത്ത് ഉണ്ടായ വിമാനദുരന്തമടക്കം 2008നുശേഷം 40 വിമാനാപകടങ്ങളുണ്ടായി.
അപകടങ്ങളില്‍ ആയിരത്തോളം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. 2010 മെയ് 12 ന് ജോഹന്നാസ്ബര്‍ഗില്‍നിന്നു വരികയായിരുന്ന അഫ്രികിയാ എയര്‍വേസ് വിമാനം ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ തകര്‍ന്നുവീണ് 103 പേര്‍ മരിച്ചിരുന്നു.
2010 ഏപ്രില്‍ മാസത്തില്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണു പോളണ്ട് പ്രസിഡന്റടക്കം 92 പേര്‍ മരിച്ചിരുന്നു. ഇന്ത്യയിലുണ്ടായ വിമാനാപകടങ്ങളില്‍ മരണസംഖ്യയുടെ അടിസ്ഥാനത്തില്‍ മൂന്നാമത്തേതാണു മംഗലാപുരം ദുരന്തം. 1996 നവംബര്‍ 12നു ഹരിയാനയിലെ ചര്‍ക്കി ദാദ്രി ഗ്രാമത്തിനു മുകളില്‍ സൌദി എയര്‍വേയ്‌സിന്റെയും കസഖ് എയര്‍വേയ്‌സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിച്ചു 351 പേര്‍ മരിച്ചതാണു രാജ്യത്തെ നടുക്കിയ ഏറ്റവും വലിയ വിമാനദുരന്തം.
1978 ജനുവരിയിലെ പുതുവത്സരദിനത്തില്‍ മുംബൈയില്‍ നിന്നു ദുബായിലേക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എംപറര്‍ അശോക അറബിക്കടലില്‍ തകര്‍ന്നുവീണ് 213 ജീവനുകള്‍ പൊലിഞ്ഞിരുന്നു. ഇതില്‍ നൂറോളം പേര്‍ മലയാളികളായിരുന്നു.
ഇന്ത്യന്‍ വിമാനം തകര്‍ന്ന് ഏറ്റവുമധികം ആള്‍നാശമുണ്ടായതു കനിഷ്‌ക ദുരന്തത്തിലാണ്. 1985 ജൂണ്‍ 24നു ടൊറന്റോയില്‍ നിന്നും മുംബൈയ്ക്കുള്ള യാത്രക്കിടെ അയര്‍ലന്‍ഡ് തീരത്തുവച്ചുണ്ടായ സ്‌ഫോടനത്തില്‍ വിമാനം തകര്‍ന്നു 329 പേര്‍ക്കാണു ജീവഹാനി സംഭവിച്ചത്.
1966 ജനുവരി 24ന് എയര്‍ ഇന്ത്യയുടെ കാഞ്ചന്‍ജംഗ വിമാനം ആല്‍പ്‌സ് പര്‍വതനിരകളില്‍ വീണ് ആണവ ശ്രാസ്ത്രജ്ഞന്‍ ഹോമി ജെ. ഭാഭ ഉള്‍പ്പെടെ 117 പേര്‍ മരിച്ചിരുന്നു.
No comments:
Post a Comment