ആകാശദൗത്യങ്ങളുമായി എസ്.എല്.വി.യും പി.എസ്.എല്.വി.യുമൊക്കെ കുതിച്ചുയരുമ്പോള്‍ കുമാരപുരത്തുനിന്ന് വേളിയിലേക്ക് പതിയെ സൈക്കിള്‍ ചവിട്ടിവരികയാവും ആദിമൂര്‍ത്തി. ഓഫീസ് തിരക്കുകള്‍ കഴിഞ്ഞ് രാത്രി വൈകി പെഡല്‍ ചവിട്ടി തിരികെ വീട്ടിലേക്കു മടങ്ങുമ്പോള്‍ വഴികാട്ടിയായി ചാന്ദ്രവെട്ടം. ചന്ദ്രയാന്‍ ദൗത്യത്തിലുള്‍പ്പെടെ പ്രധാന ചുമതലകള്‍ വഹിച്ച വി.എസ്.എസ്.സി. അസോസിയേറ്റ് ഡയറക്ടര്‍ ഡോ. വി. ആദിമൂര്‍ത്തിയുടെ 'ഭ്രമണപഥ'മാണിത്. ഇന്ത്യന്‍ എയ്റോനോട്ടിക്കല്‍ സൊസൈറ്റി വൈസ് പ്രസിഡന്റുകൂടിയായ ഈ വി.എസ്.എസ്.സി. അസോസിയേറ്റ് ഡയറക്ടര്‍ ഔദ്യോഗിക വാഹനംപോലുമുപേക്ഷിച്ച് കുമാരപുരത്തെ വീട്ടില്‍ നിന്നും തിരികെയും സൈക്കിളില്‍ മാത്രം സഞ്ചാരം തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി.
വി.എസ്.എസ്.സി.യിലെ സാധാരണ ഉദ്യോഗസ്ഥര്‍ പോലും കാറുകളില്‍ പാഞ്ഞുനടക്കുമ്പോള്‍ ഈ വി.ഐ.പി. ഉദ്യോഗസ്ഥന്‍ എന്തേ ഇങ്ങനെയെന്ന് ചോദിച്ചാല്‍ ''നിങ്ങളും സൈക്കിള്‍ യാത്ര ശീലിച്ചു നോക്കൂ'' എന്നാവും ഈ 63-കാരന്റെ മറുപടി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള നാലുലക്ഷം കിലോമീറ്റര്‍ ദൂരം-അത്രയും ദൂരം ഭൂമിയിലൂടെ തന്റെ സൈക്കിളില്‍ ചവിട്ടിയെത്തുക എന്നൊരു കുസൃതി സ്വപ്നവുമുണ്ട്, ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ ദൗത്യത്തില്‍ 'മിഷന്‍ ഏരിയ' ചുമതലവഹിച്ച ആദിമൂര്‍ത്തിക്ക്. ശനിയും ഞായറുമുള്‍പ്പെടെ ഡ്യൂട്ടിക്കെത്തുന്ന ഇദ്ദേഹത്തിന് സൈക്കിള്‍ യാത്രയുടെ കണക്കുകളൊക്കെയും കൃത്യം. തലസ്ഥാനത്തുണ്ടെങ്കില്‍ വീട്ടില്‍ നിന്നും തിരികെയുമുള്ള 16 കിലോമീറ്റര്‍ സൈക്കിള്‍ ദൂരം ഒരിക്കലും തെറ്റാറില്ല.
ഓഫീസിലേക്കുമാത്രമല്ല, ജില്ലയില്‍ എവിടെ പോകണമെങ്കിലും 'ചവിട്ടി' നീങ്ങുകയേയുള്ളൂ ഇദ്ദേഹം. പ്രഗല്‌ഭ ശാസ്‌ത്രജ്ഞനായ ആദിമൂര്‍ത്തിയാണ് സൈക്കിളില് മണിയും മുഴക്കിപോകുന്നതെന്ന് തിരിച്ചറിയുന്നവര്‍ ചുരുക്കം.
1973-ഇല്‍ എയ്റോഡൈനമിക് ഡിവിഷനന്‍ സയന്റിസ്റ്റായി തിരുവനന്തപുരം വി.എസ്.എസ്.സി.യിലെത്തിയ ആദിമൂര്‍ത്തി ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രപുരം സ്വദേശിയാണ്. വിജയവാഡ സ്വദേശിനിയായ ഭാര്യ സന്ധ്യാമൂര്‍ത്തിക്കൊപ്പം കുമാരപുരത്ത് സ്വന്തമായി വീടുവാങ്ങി താമസമാക്കിയിട്ട് 30 വര്ഷത്തോളമായി. ആര്യാ സെന്ട്രല് സ്കൂള്‍ അധ്യാപികകൂടിയായ സന്ധ്യയുടെ നിര്‍ബന്ധത്തിനുവഴങ്ങി ഒരു കാര്‍ വാങ്ങിയെങ്കിലും സ്ഥലങ്ങള്‍ കണ്ടും കാറ്റുകൊണ്ടും കുട്ടിയെപ്പോലെ ചവിട്ടിക്കറങ്ങി സഞ്ചരിക്കുന്നതിന്റെ സുഖം കൈയടക്കാന്‍ കാറിനായില്ല. ഷെഡ്ഡില്‍ പൊടിപിടിച്ചുകിടക്കുകയാണ് ആ കാര്‍ .
വിരമിക്കല്‍ കാലാവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ സേവനം ആവശ്യമുള്ളതിനാല്‍ സര്‍വീസ് നീട്ടിക്കൊടുത്തിരിക്കുകയാണ്. മക്കളായ രജിതയും ആദിത്യയും മുംബൈയില്‍ സ്വകാര്യ കമ്പനികളില്‍ ജോലി നോക്കുന്നു. സൈക്കിളില്‍ ഒരു ദീര്‍ഘദൂര കറക്കം നടത്തണമെന്ന് ഏറെ നാളായി ആഗ്രഹമുണ്ടെങ്കിലും തിരക്കുപിടിച്ച ജീവിതത്തിനിടെ സമയം കിട്ടുന്നില്ലെന്ന പരിഭവം ഇദ്ദേഹത്തിനുണ്ട്. 1983-വരെ അബ്ദുള്‍ കലാമിനൊപ്പം ടീമില്‍ പ്രവര്‍ത്തിച്ച ആദിമൂര്‍ത്തി ഗ്രഹാന്തര ദൗത്യ രൂപകല്പ്പനയടക്കം ബഹിരാകാശ പഠനത്തില്‍ നല്കിയ വ്യക്തിഗത സംഭാവനകള്‍ നിരവധിയാണ്. ബഹിരാകാശ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റര്‍ ഏജന്‍സി സ്‌പേസ് ഡബ്രിസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനായ ഇദ്ദേഹം ജര്‍മ്മനി ആസ്ഥാനമായുള്ള അലക്സാണ്ടര്‍ വോണ്‍ ഹംബോള്‍ട്ട് ഫൗണ്ടേഷന്‍ , ഇന്ത്യന്‍ സിസ്റ്റം ഫൗണ്ടേഷന് തുടങ്ങി നിരവധി വേദികളിലെ തിളങ്ങുന്ന സാന്നിധ്യമാണ്. പുരസ്കാരങ്ങളും നിരവധിയാണ് ഈ 'സൈക്കിള്‍ ശാസ്ത്രജ്ഞനെ' തേടിയെത്തിയത്. ഇത്രയും പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്‍ ഇങ്ങനെ സൈക്കിളില്‍ കറങ്ങിനടന്നാല്‍ സുരക്ഷാഭീഷണിയില്ലേ എന്ന് വി.എസ്.എസ്.സി. അധികൃതര്‍ പോലും സംശയിച്ചിരുന്നു. ഒരിക്കല്‍ ഓഫീസിനുമുന്നില്‍ ഒന്ന് വീണു എന്നതല്ലാതെ ഒരപകടം പോലും സംഭവിച്ചിട്ടില്ല. പിന്നെ ഇദ്ദേഹം നേരിട്ട 'സുരക്ഷാപ്രശ്നം' ഇതാണ്- ആദ്യം വാങ്ങിയ സൈക്കിള്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭാര്യയെയും കൂട്ടി സിനിമയ്‌ക്ക് പോയപ്പോള്‍ തിയേറ്ററില്‍ നിന്ന് മോഷണം പോയി. രണ്ടാമത്തെ സൈക്കിളും ഒരു കടയ്‌ക്ക് മുന്നില്‍ വെച്ച് കള്ളന്‍മാര് കൊണ്ടുപോയി. മൂന്നാമത്തെ സൈക്കിളില്‍ നാലുലക്ഷം കിലോമീറ്റര്‍ എന്ന 'ചാന്ദ്രയാന് ദൗത്യം' സ്വപ്നം കണ്ട് യാത്ര തുടരുകയാണിദ്ദേഹം.
"വി.എസ്.എസ്.സി.യിലെ സാധാരണ ഉദ്യോഗസ്ഥര്‍ പോലും കാറുകളില്‍ പാഞ്ഞുനടക്കുമ്പോള്‍ ഈ വി.ഐ.പി. ഉദ്യോഗസ്ഥന്‍ എന്തേ ഇങ്ങനെയെന്ന് ചോദിച്ചാല്‍ ''നിങ്ങളും സൈക്കിള്‍ യാത്ര ശീലിച്ചു നോക്കൂ'' എന്നാവും ഈ 63-കാരന്റെ മറുപടി"
No comments:
Post a Comment