Wednesday, October 13, 2010

മറുനാടന്‍ പാട്ടുകാരെ......

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന അന്‍വര്‍ എന്ന പ്രിഥ്വിരാജ് ചിത്രത്തിലെ വിജനതീരം എന്നു തുടങ്ങുന്ന ഗാനം ബോളിവൂഡിലെ സൂപ്പര്‍ ഗായകന്‍ സുഖ് വിന്ദര്‍ സിംഗ് ആലപിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. സുഖ് വിന്ദറിനൊപ്പം റാപ്പ് ഗായകന്‍ ബ്ലാസേയും ഈ ഗാനം ആലപിക്കുന്നു. ഇരുവരും ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് വേണ്ടി ആലപിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായികാ നായകന്മാരായ പ്രിഥ്വിരാജും മമതാ മോഹന്‍ദാസും ചേര്‍ന്നാണ്. 

മറുനാടന്‍ ഗായകരുടെ വേലിയേറ്റം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു കാലത്ത് മന്നാ ഡേ, ആശ ഭോസ്‌ലെ തുടങ്ങി ഉദിത് നാരായണ്‍ , ശ്രേയ ഗോശാല്‍ , സുനിധി ചൌഹാന്‍ , ഉഷാ ദീദി , ദാ ഇപ്പോള്‍  സുഖ് വിന്ദറില്‍ വന്നു നില്‍ക്കുന്നു. ഗായകരെ ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ് ഇന്ന്. സംഗീത സംവിധായകര്‍ തന്നെ ഗാനവും ആലപിക്കുന്ന രീതിയാണ് ഇന്ന് പ്രിയമെന്ന് തോന്നുന്നു. നല്ല ഗായകനായിട്ടു കൂടി രവീന്ദ്രന്‍ പോലും വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഈ കടും കൈ ചെയ്തിരുന്നത്. ഔസേപ്പച്ചന്റെ ശബ്ദം ചെറിയ ചെറിയ ഹുംമിങ്ങിലൊക്കെ നേരത്തെ ഒതുക്കിയിരുന്നു ഇപ്പൊ കക്ഷിയും പാടാന്‍ തുടങ്ങി.. മോശം പറയരുതല്ലോ ഒരേ കടല്‍ എന്ന ചിത്രത്തിലെ യമുനാ വെറുതെ എന്ന ഗാനം ആസ്വാദ്യമായിരുന്നു. 

പുതു തലമുറയിലെ സംഗീത സംവിധായകരെല്ലാവരും തന്നെ നല്ല ഗായകരാണ്. എം ജയചന്ദ്രന്‍ , ശരത്, ബിജി ബാല്‍ , അല്‍ഫോന്‍സ്‌, രാഹുല്‍ രാജ്, ഷാന്‍ , ജാസ്സി, ദീപക് ദേവ് , ഗോപി സുന്ദര്‍ .... പിന്നെ മെലോഡൈന്‍ പോലെയുള്ള സോഫ്റ്റ്‌ വേര്‍സ്  വിപണിയില്‍ ഉള്ളപ്പോള്‍ ഇതു അണ്ടനും അടകോടനും ഗായകനാകം എന്ന അവസ്ഥയല്ലേ ഇപ്പൊ. കോളിവൂഡിലെ സ്റാര്‍ സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ മെലോഡൈന്റെ ഉസ്താദാണ്. 

അപ്പൊ പിന്നെ ഗായകര്‍ ഇതു ചെയ്യും. അറിയാവുന്ന പണി മറ്റവര്‍ ചെയ്‌താല്‍ മറ്റവരുടെ പണി തന്നെ ചെയ്യുമെന്ന് അങ്ങു തീരുമാനിച്ചുവെന്നു തോന്നുന്നു. ശ്രീകുട്ടന്‍ ഇപ്പൊ തിരക്കുള്ള സംഗീത സംവിധായകന്‍ ആയില്ലേ. പണ്ടൊരിക്കല്‍ ഈ പണിക്കു പോയി പണി കിട്ടിയതാ ആശാന്. താണ്ഡവവും ചതുരംഗവും ഏറ്റില്ല... പിന്നെ ജഡ്ജി പണി തുടങ്ങിയതാ. അപ്പോഴാ പ്രിയന്‍ വിളിച്ചു പണി കൊടുത്തത്. അങ്ങനെ കാഞ്ചിവരവും പൊയ് സൊല്ല പൊറോവും കിട്ടി. പിന്നെ മലവെള്ള പാച്ചില്‍ പോലെ.. ഒരു നാള്‍ വരും, പെണ്‍ പട്ടണം, സകുടുംബം ശ്യാമള... ഇവിടെ തീരുമോ എന്തോ??

സ: ഉണ്ണിമേനോനും ഈ പണി ഒന്ന് പരീക്ഷിച്ചതാ.. സ്ഥിതി എന്ന ചിത്രത്തിലൂടെ... രണ്ട് നല്ല ഗാനങ്ങള്‍ മലയാളിക്ക് നല്‍കി.. മാത്രമോ ഒരു പടി കൂടി കടന്നു അങ്ങു അഭിനയിച്ചു കളഞ്ഞു. ആപ്പ ഊപ്പ വേഷമോന്നുമല്ല.. നല്ല ഗെറ്റ് അപ്പ്‌ നായകനായിട്ടു തന്നെ. ബാക്കിയുള്ളവര്‍ വെറുതെയിരിക്കുമോ. ഇപ്പൊ വിജയ്‌ യേശുദാസും ഈ പണി രണ്ടും കൂടി ചെയ്തിരിക്കുകയാ.. അവന്‍ എന്ന ചിത്രത്തില്‍ രണ്ട് നായകന്മാരില്‍ ഒരാള്‍.. മാത്രമല്ല ഒരു ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ വിജയ്‌ ആണത്രേ.. 

വിനീതിനെ പറ്റി പിന്നെ പറയേണ്ട ആവശ്യമില്ല... ഗായകനായി വന്നു... വേറെയൊന്നും നോക്കിയില്ല കേറിയങ്ങ് നായകനായി... അവിടെയും നിര്‍ത്തിയില്ല ബാലചന്ദ്രമേനോനെ പോലും തറ പറ്റിച്ചില്ലേ കക്ഷി.... കഥ തിരക്കഥ സംവിധാനം... ഗാനരചന, പാട്ട്, പോസ്റ്റര്‍ ഒട്ടിപ്പ്.... കാണാനും പുള്ളി മാത്രമേ കാണൂ എന്നു ചില അസൂയാലുക്കള്‍ പറഞ്ഞു പരത്തിയെങ്കിലും അത്യാവശ്യം ആള്‍ക്കാര്‍ കണ്ട സിനിമയായി മാറി മലര്‍വാടി....

ഇത് കണ്ടു പണിയില്ലാതെ ഇരിക്കുന്ന നടന്മാരും സംവിധായകരും വെറുതെയിരിക്കുമോ? പ്രിഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസുര്യ, സുരേഷ് ഗോപി, മംതാ മോഹന്‍ദാസ്‌... ഇവരൊക്കെ ഇപ്പോഴേ പണി തുടങ്ങി. .. പണ്ട് ബാലചന്ദ്രമേനോനും മമ്മൂട്ടിയും മോഹന്‍ലാലും മഞ്ജു വര്യരുമൊക്കെ പാടി പ്രേക്ഷകരെ ഒരുപാട് സന്തോഷിപ്പിച്ചതല്ലേ.... 

നമുക്കൊക്കെ അങ്ങനെ തന്നെ വേണം.. യേശുദാസ് ശ്വാസം മുട്ടി പാടിയാല്‍ പോലും ഇതിലൊക്കെ എന്തു കാര്യം ഇരിക്കുന്നു എന്ന ഭാവമല്ലേ ഞാനുള്‍പ്പടെയുള്ള ഇതു മലയാളിക്കുമുള്ളത്... ശിവ ശിവാ സഹിക്ക്യ തന്നെ 

1 comment:

  1. eee film full copy its copy of a english film called traitor ithinidaykk kurachu pattu kttyyappo athum hit ithile palla pattu kalum copy annu kalbilethee enna pattu pazhaya kayalarikath valakilukiya sundaree agane pokunnu loka parichyam illatha malayiyude kayiil enthu kittiyalum dahikkum

    ReplyDelete