കരുത്തുറ്റ പ്രമേയവുമായി പുതുമയാര്‍ന്ന കൂട്ടുകെട്ടില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ സമ്മാനിക്കുന്ന നാല് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു
മലയാള സിനിമയുടെ സ്ഥിരം കെട്ടുപാടില്‍നിന്ന് ഏറെ വ്യത്യസ്തമായ ടീം ഒന്നിക്കുന്ന നാല് ചിത്രങ്ങള്‍ക്ക് തുടക്കമിട്ടു. മോഹന്‍ലാല്‍ നായകനായി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന 'ശിക്കാര്‍', മീരാജാസ്മിനെ പ്രധാന കഥാപാത്രമാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്യുന്ന 'പാട്ടിന്റെ പാലാഴി', സഞ്ജീവ്‌രാജിന്റെ 'ഫിലിം സ്റ്റാര്‍', ഷാജി അസീസ് ഒരുക്കുന്ന 'ഒരിടത്തൊരു പോസ്റ്റ്മാന്‍' എന്നിവയാണ് പുതിയ പ്രതീക്ഷകള്‍. ആ ചിത്രവിശേഷങ്ങളിലൂടെ...
പത്മകുമാറിന്റെ 'ശിക്കാര്‍'
മോഹന്‍ലാല്‍ നായകനായി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ശിക്കാര്‍'. എസ്. സുരേഷ്ബാബു കഥ-തിരക്കഥ- സംഭാഷണമൊരുക്കുന്ന ഈ ചിത്രത്തില്‍ ഈറ്റവെട്ട് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഇരയും വേട്ടക്കാരനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്നു. മോഹന്‍ലാല്‍, ലോറി ഡ്രൈവര്‍ ബലരാമന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 'നാടോടി' ഫെയിം അനന്യയാണ് ചിത്രത്തിലെ നായിക.
മുകേഷ്, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, ലക്ഷ്മി ഗോപാലസ്വാമി, രേവതി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം-മനോജ് പിള്ള, കല-മനു ജഗത്, ചമയം-രഞ്ജിത് അമ്പാടി, ഗാനങ്ങള്‍-ഗിരീഷ് പുത്തഞ്ചേരി, സംഗീതം-എം. ജയചന്ദ്രന്‍. യേശുദാസ്, സുജാത, എസ്.പി.ബാലസുബ്രഹ്മണ്യം, ജാസി ഗിഫ്റ്റ്, സുധീപ്, ചിത്ര എന്നിവര്‍ പാടിയ നാല് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ശ്രീരാജ് സിനിമയുടെ ബാനറില്‍ കെ.കെ. രാജഗോപാല്‍ നിര്‍മിക്കുന്ന 'ശിക്കാര്‍' മാര്‍ച്ച് ആദ്യവാരം പൂയംകുട്ടിയില്‍ തുടങ്ങും.
രാജീവ് അഞ്ചലിന്റെ 'പാട്ടിന്റെ പാലാഴി'
'മെയ്ഡ് ഇന്‍ യു.എസ്.എ.' എന്ന ചിത്രത്തിനുശേഷം രാജീവ് അഞ്ചല്‍ ഒരുക്കുന്ന ചിത്രമാണ് 'പാട്ടിന്റെ പാലാഴി.' നായികമാര്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ മീരാജാസ്മിന്‍, രേവതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഏറെ സംഗീതപ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ചലച്ചിത്ര പിന്നണിഗായികയാവാന്‍ ആഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നു.
നീണ്ട ഇടവേളയ്ക്കുശേഷമാണ് മീര വീണ്ടും മലയാളത്തിലെത്തുന്നത്. 'പാട്ടിന്റെ പാലാഴി'യിലൂടെ ഡോ. സുരേഷ് മണിമല എന്ന സംഗീതസംവിധായകനെ രാജീവ് അഞ്ചല്‍ പരിചയപ്പെടുത്തുന്നു. ഒ.എന്‍.വി. കുറുപ്പിന്‍േറതാണ് രചന. കെ.എസ്. ചിത്ര, ഹരിഹരന്‍, വിജയ് യേശുദാസ്, ശ്വേത, അപര്‍ണ രാജീവ് എന്നിവരാണ് ഗായകര്‍.
രാജീവ് അഞ്ചലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഡോ. രാജേന്ദ്രബാബുവാണ്.
സഞ്ജീവ് രാജിന്റെ 'ഫിലിം സ്റ്റാര്‍'
സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ എസ്. സുരേഷ്ബാബു കഥ, തിരക്കഥ, സംഭാഷണം എഴുതി സഞ്ജീവ്‌രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഫിലിം സ്റ്റാര്‍'. ദിലീപ്, കലാഭവന്‍ മണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സിനിമയ്ക്കുള്ളിലെ ജീവിതത്തോട് സിനിമയ്ക്കു പുറത്തെ യഥാര്‍ഥ ജീവിതം നടത്തുന്ന കലാപത്തിന്റെ കഥ പറയുന്നു. ബിജുമേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, കൊച്ചിന്‍ ഹനീഫ, ബിജുക്കുട്ടന്‍, ദേവന്‍, രാമു, രംഭ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചെന്നൈ, ഹൈദരാബാദ്, പാലക്കാട് ലൊക്കേഷനുകളിലായി ഡിസംബര്‍ 15ന് ചിത്രീകരണം തുടങ്ങുന്നു. സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായ സൂര്യകിരണിന്റെയും മംഗലാപുരത്തെ ഓട്ടുകമ്പനിയിലെ സാധാരണ തൊഴിലാളിയായ നന്ദഗോപാലിന്റെയും ജീവിതത്തിലൂടെയാണ് 'ഫിലിം സ്റ്റാര്‍' കടന്നുപോകുന്നത്. 'തിരക്കഥ'യ്ക്കുശേഷം സിനിമയ്ക്കുള്ളിലെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഫിലിം സ്റ്റാര്‍'.
ഒരിടത്തൊരു പോസ്റ്റ്മാനുമായി ഷാജി അസീസ്
സുരേഷ്‌ഗോപിയും കുഞ്ചാക്കോബോബനും കലാഭവന്‍ മണിയും ഒന്നിക്കുന്ന ചിത്രമാണ് 'ഒരിടത്തൊരു പോസ്റ്റ്മാന്‍ '.ഷേക്സ്പിയര് എം.എ മലയാളം എന്ന ഹിറ്റ്ചിത്രത്തിന്റെ ഇരട്ടസംവിധായകരിലൊരാളായ ഷാജി, ഷാജി അസീസ് എന്നപേരില്‍ ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രം ഗ്രാമീണപശ്ചാത്തലത്തില്‍ ഹൃദ്യമായ കഥപറയുന്നു.ഒരു പോസ്റ്റ്മാനിലൂടെ നാട്ടിന്‍പുറത്തിന്റെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകരിലെത്തിക്കുന്ന ചിത്രത്തില്‍ 'നാടോടി'കളിലൂടെ ശ്രദ്ധേയായ അനന്യയാണ് നായിക.
മടിയനായ പോസ്റ്റ്മാനായി ഇന്നസെന്റും കഠിനാദ്ധ്വാനിയായ മകനായി കുഞ്ചാക്കോബോബനും അഭിനയിക്കുന്നു.യാസിന്‍ മുബാറക്ക് എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ വേഷമാണ് സുരേഷ്‌ഗോപിക്ക്.നിള ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജികൊട്ടിയവും ബഷീര്‍ സില്‍സിലയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മനാല്‍ അബ്ദുള്ളയാണ്.
സുരാജ് വെഞ്ഞാറമ്മൂട്, സലിംകുമാര്‍, ബിജുക്കുട്ടന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.വെറുതെ ഒരു ഭാര്യയിലൂടെ ഹിറ്റ് തിരക്കഥാകൃത്തായി മാറിയ കെ.ഗിരീഷ്‌കുമാര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന 'ഒരിടത്തൊരു പോസ്റ്റ്മാ'ന്റെ കഥ സംവിധായകനും ഗിരീഷും ചേര്‍ന്നാണ് രൂപപ്പെടുത്തിയത്.ജയ്‌സണ്‍ ഇളങ്കുളമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാനലൊക്കഷന്‍ തൊടുപുഴയാണ്.
For more pics and photos log in to http://picsweb.blogspot.com
ReplyDelete