കേരളത്തിന്റെ പരമ്പരാഗത വ്യവസായമായ ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ പദവി മോഹന്‍ലാല്‍ ഏറ്റെടുക്കുകയാണെന്ന് ഇക്കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. പ്രതിഫലം പറ്റാതെയാണ് ലാല്‍ അംബാസിഡര്‍ പദവി ഏറ്റെടുക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം മാധ്യമങ്ങളെ അറിയിക്കുകയുമുണ്ടായി. കൈത്തറിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ പദവി ഏറ്റെടുക്കുന്നതിലൂടെ സാമൂഹിക പ്രതിബദ്ധതയാണ് ലാല്‍ തെളിയിക്കുന്നതെന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.
എന്നാല്‍ പരസ്യക്കാര്യത്തില്‍ ലാലിന് ഒരു മനംമാറ്റവും ഉണ്ടായിട്ടില്ലെന്ന് മണപ്പുറം ഫിനാന്‍സിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ലാല്‍ തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ് പത്രങ്ങളുടെ മുന്‍ പേജിലാണ് ‘മണപ്പുറം ഫിനാന്‍സ് കുറഞ്ഞ പലിശ നിരക്കില്‍ കൂടുതല്‍ പണം തരുന്നു’ എന്ന് പറഞ്ഞുകൊണ്ടുള്ള പരസ്യത്തില്‍ ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇതിനിടെ ലാലിനെ ഖാദിയുടെ ഗുഡ്‌വില്‍ അംബാസഡറാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുകുമാര്‍ അഴീക്കോട് ആദ്യ വെടി പൊട്ടിച്ചിട്ടുണ്ട്. ഗാന്ധിജിയെ കൊലപ്പെടുത്തിയതിനേക്കാള്‍ വലിയ കുറ്റവും ക്രൂരതയുമാണ് മോഹന്‍ലാലിനെ ഖാദിയുടെ ഗുഡ്‌വില്‍ അംബാസഡറാക്കിയതിലൂടെ നടത്തിയതെന്നാണ് അഴീക്കോടിന്റെ പുതിയ വിമര്‍ശനം.
“കേരളത്തിന്റെ വ്യവസായമന്ത്രി എന്തറിഞ്ഞിട്ടാണ് മോഹന്‍ലാലിനെ ഖാദിയുടെ ഗുഡ്‌വില്‍ അംബാസഡറാക്കിയത്? മദ്യം കഴിക്കുന്നയാളെ ഖാദിയുടെ പ്രചാരകനാക്കാന്‍ മന്ത്രിക്ക് എന്തധികാരമാണുള്ളത്? ‘വൈകീട്ടെന്താ പരിപാടി’ എന്നു ചോദിക്കുന്ന ലാലിന്റെ സ്വഭാവം എല്ലാവര്‍ക്കുമറിയാം” - എന്നിങ്ങനെയാണ് ലാലിനെതിരെ അഴീക്കോട് കത്തിക്കാളിയത്.
No comments:
Post a Comment